"സ്വാതന്ത്ര്യം സമത്വം സാഹോദര്യം"
  പുനർവായിക്കപ്പെടുന്ന ഇന്ത്യ .
---------------------------------------------------------------------------------------
കെ.വി അമീർ മണ്ണാർക്കാട് .
---------------------------------------------


രാജ്യ സ്വാതന്ത്ര്യത്തിന്റെ എഴുപത്തി മൂന്നാം ആണ്ടിലേക്ക് കടക്കുമ്പോൾ നമ്മൾ ഓർക്കാതെ പോവരുതെ സ്വാതന്ത്ര്യ പുലരിക്ക് വേണ്ടി ജീവൻ ത്യെജിച്ച രക്തസാക്ഷികളെ , അവരുടെ സ്വപ്നങ്ങളിൽ ഒരു ഭാരതമുണ്ടായിരുന്നു നാനാത്വത്തിൽ ഏകത്വം എന്ന മുദ്രാവാക്യം നെഞ്ചിൽ ചേർത്തു വെച് ക്ഷേമ രാഷ്ട്രത്തെ കെട്ടിപ്പടുക്കാൻ ഹിന്ദുസ്ഥാൻ ഹമാരാ എന്ന് പാടിയവർ.. ഹിന്ദുവും മുസൽമാനും ക്രൈസ്തവനും മതമുള്ളവനും മതമില്ലാത്തവനുമൊക്കെ കൈകോർത്ത ഇന്ത്യ .. ഗാന്ധിജിയും നെഹ്രുവും അബുല്കലാം ആസാദും അംബേദ്കറും സുഭാഷ് ചന്ദ്രബോസും മുഹമ്മദ് അബ്ദുറഹിമാൻ സാഹിബും സനാഉല്ല മക്തിതങ്ങളും ആലിമുസ്ലിയാരും എംപി നാരായണമേനോനും .. ബഹദൂർഷാസഫറും ലാലാ ലച്പത് റോയിയും താന്തിയതോപ്പിയും റാണിലക്ഷ്മി ഭായിയും അങ്ങിനെ എത്ര എത്ര മഹാരഥന്മാർ ..., പോരാട്ടത്തിന്റെ കനൽ വഴികളിൽ അവർക്ക് കൊടിയുടെ നിറങ്ങളിൽ വെത്യാസം ഉണ്ടായിരുന്നില്ല ഒന്ന് മാത്രം ഒരൊറ്റ വികാരം വൈദേശികാധിപത്യത്തിൽ നിന്നുള്ള മോചനം, സ്വാതന്ത്ര്യം സമത്വം സാഹോദര്യം..

എന്നാൽ അഭിനവ ഇന്ത്യയുടെ അവസ്ഥയെന്താണ് , പിന്നിട്ട ഏഴു പതിറ്റാണ്ടുകളിലൂടെ സഞ്ചരിക്കുമ്പോൾ നമ്മുടെ സ്വാതന്ത്രം എവിടെ യാണ് കുഴിച്ചുമൂടപ്പെട്ടത് എന്നും സ്വയം നിർണിതമായ ജനാധിപത്യ ഭരണം എന്നതിനപ്പുറം രാജ്യശില്പികൾ സ്വപ്നം കണ്ട ഒരു രാജ്യമാണോ നമ്മുടേത് എന്നും വിശകലനം ചെയ്യേണ്ടതുണ്ട് .

1947 ആഗസ്ത് 15 നമുക്ക് പായസം വിളമ്പാനും മധുരം നുണയാനുമുള്ള വെറുമൊരു ദിവസമായി രൂപമാറ്റം സംഭവിക്കുമ്പോൾ സാംസ്കാരിക ഫാഷിസത്തിന്റെയും അധികാരഫാഷിസത്തിന്റെയും  അജണ്ടകൾ ആണ് ഇവിടെ വിജയിക്കുന്നത് ..
ഗാന്ധിജിക്ക് പകരം ഗോഡ്‌സെ ഉയർന്നുവരുന്നു!!?
ഗാന്ധിയുടെ രൂപങ്ങളില്ക്ക് വീണ്ടും വീണ്ടും വെടിയുതിർക്കുന്നു..
അത്തരക്കാർ  ഹിന്ദുരാഷ്ട്രം സ്ഥാപിക്കാൻ വേണ്ടി തെരുവിൽ മാത്രമല്ല പാർലമെന്റ്ലും വെല്ലുവിളികൾ ഉയർത്തുന്നു.

ശാന്തയുടെ അഹിംസയുടെ
റാം റാം എന്ന് മന്ത്രിച്ച ഗാന്ധിയെ കൊന്നവർ ഇന്ന് ജയ് ശ്രീ റാം വിളിക്കാത്തവരെ കൊന്നുകൊണ്ടിരിക്കുന്നു..

പക്ഷെ ഈ അപചയങ്ങളെയെല്ലാം താലോലിക്കുന്നവർ കക്ഷിരാഷ്ട്രീയത്തിന്റെ കൊടിവാഹകരാണ്. അവർ അധികാരത്തിനു വേണ്ടി ജനതകളെ കശാപ്പ് ചെയ്യുന്നു സെക്യലർ ജനാധിപത്യത്തിന്റെ കഴുത്തിൽ കത്തിവെച് പൗരസമൂഹത്തെ ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിച് കലാപങ്ങൾ നിർമ്മിച്ചെടുക്കുന്നു അങ്ങിനെ ഭരണം നേടുകയും ചെയ്യുന്നു ..
നോക്കൂ
കശ്‌മീർ താഴ്‌വരയിൽ രക്തപങ്കിലമാണ് കാര്യങ്ങൾ രാജ്യത്തിന്റെ അഖണ്ടതായാണെന്ന വ്യാജേനയാണ് നിലവിലെ മോഡി ഭരണകൂടം ആ സംസ്ഥാനത്തിന്റെ ചരിത്ര സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തെ ബലികഴിക്കുന്നത്.

നമ്മുടെ ജനാധിപത്യം അഞ്ചുവർഷം കൂടുമ്പോൾ പൂക്കുന്ന ഒരു പ്രതിഭാസമാണ് , അന്ന് ജനം രാജാക്കന്മാരാണ് , വാഗ്ദാനങ്ങളുടെ മലവെള്ളപ്പാച്ചിലിൽ കഴിഞ്ഞതൊക്കെ മറക്കുന്ന വെറും വിഡ്ഢികൾ എന്ന് ജനത്തെ നോക്കി കൊഞ്ഞനം കാട്ടുന്ന അതേ ആളുകൾ കൈ കൂപ്പി വരുമ്പോൾ എല്ലാം മലരാവുന്നു.. വോട്ടുകൾ പെട്ടിയിലാവുന്നു പാർട്ടികൾ അധികാരത്തിലേറുന്നു ..
പിന്നീട് ആർക്കു വേണ്ടി ഭരിക്കുന്നു എന്നത് ജനം കഴുതകളായി അടുത്ത ഒരു തെരഞ്ഞെടുപ്പുവരെ നടക്കുന്ന വെറുമൊരു പാർലമെന്ററി അനുഷ്ട്ടാനം, മൂലധന ശക്തികൾക്കും വൻ മുതലാളിമാർക്കും അവരുടെ ദല്ലാൾമാരായ പൊതുസേവനത്തിന്റെ ഷർട്ടും മുണ്ടും ധരിച്ച കപട രാഷ്ട്രീയക്കൂട്ടങ്ങൾക്കും... അതിനപ്പുറത്തേക്ക് ഭരണ നിർവഹണവും ജനാധിപത്യ സംവിധാനവും ക്ഷേമ രാഷ്ട്രവുമൊക്കെ എല്ലാം 70 വർഷം പിന്നിടുന്ന അവശതകൾ സംഭവിച്ചിരിക്കുന്നു എന്നർത്ഥം.
റോഡും പാലവും റെയിലും എല്ലാം സ്വാതന്ത്ര്യത്തിനു മുൻപും ഉണ്ടായിട്ടുണ്ട് അപ്പോൾ വികസനം എന്നത് മാത്രമല്ല പൗരന്റെ ആവശ്യവും സ്വാതന്ത്ര്യ ലക്ഷ്യവും , മറിച് സ്വയം നിർണിതമായ അവകാശമാണ്, എന്ത് ചിന്തിക്കണമെന്നും എന്ത് കഴിക്കണമെന്നും ഏതു വസ്ത്രം ധരിക്കണമെന്നും എന്ത് വിശ്വസിക്കണം എന്നും എന്ത് വിശ്വസിക്കാതിരിക്കണമെന്നും ഒക്കെ തീരുമാനിക്കാനുള്ള പൗരസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമാണ് ഭരണഗൂഡം നടത്തുന്ന ഭീകരത എന്നത് . രാജ്യം ഭരിക്കുന്നവർ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന അത്തരം അജണ്ടകളെ പ്രതിരോധിക്കാൻ കെൽപ്പുള്ള പ്രതിപക്ഷ സംവിധാനങ്ങൾ ഇല്ലാതെ പോകുന്നു എന്നത് ഭരണകൂട ഭീകരതയുടെ ആഴം വ്യക്തമാക്കുന്നു ..
നോക്കൂ UAPA പോലുള്ള കരിനിയമങ്ങളിൽ ബിജെപിയുടെയും കൊണ്ഗ്രസ്സിന്റെയും നിലപാടുകൾ ഒന്നാണ് പാർലമെന്റ്ൽൽ ഒന്നിച്ചു വോട്ട് ചെയ്തിട്ട് പുറത്തുവന്നു അതിനെതിരെ ഘോരഘോരം പ്രസംഗിക്കുന്നു!?
യഥാർത്ഥത്തിൽ ഇവിടെ ഇരകളാക്കപ്പെടുന്നവർ ന്യുനപക്ഷങ്ങളാണ് , ദലിദുകൾ മത ന്യുനപക്ഷങ്ങൾ ആദിവാസികൾ തുടങ്ങി ചരിത്രപരമായ കാരണങ്ങളാൽ പാർശ്വവൽക്കരിക്കപ്പെട്ടവർ, അവർക്കെതിരെ സംഘടിതവും ആസൂത്രിതവുമായി ഭരണകൂട ഒത്താശയോടുകൂടി ആക്രമങ്ങൾ അഴിച്ചുവിടുകയും പ്രകോപനങ്ങൾ സൃഷ്ടിച്ചുകൊണ്ട് പ്രതിഭീകരതയെ ഉയർത്തിക്കൊണ്ടുവന്ന് ആടിനെ പട്ടിയും പിന്നീട് പേപ്പട്ടിയാക്കി തല്ലികൊല്ലുന്ന വേട്ടക്കാരായി സ്വയം മാറുന്ന രാഷ്ട്രീയ ഭരണ (പാർട്ടി) പിന്നാമ്പുറ കാഴ്ചകൾ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നു .

ക്വിറ്റ് ഇന്ത്യ സമരത്തിലൂടെ അധിനിവേശ കമ്പനികളെ നാടുകടത്തിയ സമരപാരമ്പര്യമുള്ള മഹത്തായ ഇന്ത്യയിൽ ആണ് അതേ കമ്പനികളുടെ പിന്മുറക്കാരുമായി കച്ചവടമുറപ്പിച് നവ ലിബറൽ സാമ്പത്തികനയങ്ങളും കംബോളീകരണവും സർക്കാരുകൾ പൗരനു മേൽ അടിച്ചേൽപ്പിക്കുന്നത്, ഇത് ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ്.. ഗ്രീൻചാനലിലൂടെ ലോകത്തെ ഏതു മൂലധന ശക്തികൾക്കും നമ്മുടെ രാജ്യത്തേക്ക് കടന്നുവന്ന് അവരുടെ ഉൽപ്പന്നങ്ങൾ നിർമ്മിക്കാനും വിപണനം നടത്താനും കഴിയുന്നു എന്നാൽ നമ്മുടെ പ്രകൃതി വിഭവങ്ങളും മണ്ണിനെയും ജല സ്രോതസ്സുകളെയും ആവാസ വ്യവസ്ഥയെയും തകിടം മറിക്കുന്ന ഇത്തരം വ്യവസായങ്ങൾ സാമ്പത്തിക രംഗത് മാത്രമല്ല പൗരന്റെ ആരോഗ്യത്തെയും നിലവിലുള്ള സാമ്പ്രദായിക കന്നുകാലി നാണ്യ കാർഷിക വ്യവസ്ഥയെയും നശിപ്പിച്ചുകൊണ്ടിരിക്കുന്നു. പ്ളാച്ചിമടയും സിംഗൂരും നന്ദീഗ്രാമും ഗുജറാത്തുമൊക്കെ അതിന്റെ ചെറിയ ഉദാഹരണങ്ങൾ മാത്രം . അധിനിവേശം അവിടെ മാത്രം ഒതുങ്ങുന്നതല്ല ഭൂമി ഒരു വലിയ പ്രശ്നമാണ് രാജ്യ സ്വാതന്ത്ര്യത്തോളം പഴക്കമുണ്ട് ഭൂമിക്കു വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് ,സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം ജന്മികളിൽ നിന്നും പഴയ നാട്ടു രാജാക്കന്മാരിൽ നിന്നും ഭരണഗൂഢം ഭൂമി പിടിച്ചടക്കുകയും സർക്കാർ ഭൂമിയായി പ്രഖ്യാപിക്കുകയും ഉണ്ടായി എന്നാൽ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാദാരണക്കാർക്ക് ഭൂമി അന്യമായിരുന്നു കാർഷികാവശ്യത്തിനും അന്തിയുറങ്ങാനുള്ള മണ്ണിനും വേണ്ടി പിന്നെയും സമരം ചെയ്യേണ്ട ഗതികേടിലേക്ക് ജനത്തെ തള്ളിവിട്ടത് മാറി മാറി ഭരിച്ച സർക്കാരുകളുടെയും പാർട്ടികളുടെയും കഴിവുകേട് മാത്രമായിരുന്നു,
കേരളത്തിൽ പക്ഷെ ഇടതുപക്ഷ സർക്കാരുകൾ ഒറ്റപ്പെട്ട ശ്രമങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഭരണം കയ്യിലുള്ളപ്പോൾ അവരും വലതു പക്ഷ ശൈലി സ്വീകരിക്കുന്ന കാഴ്ചയാണ് നമ്മൾ നാളിതുവരെ കണ്ടത്. ഏറെ കൊട്ടിഘോഷിച്ച ഭൂപരിഷ്കരണ നയത്തിലൂടെ സംഭവിച്ചത് പാടത്തു പണിയെടുത്ത കർഷകന് ഭൂമി ലഭിച്ചില്ല എന്ന് മാത്രമല്ല ജന്മിമാരുടെ ഇഷ്ടക്കാരായ വരമ്പത്തു കാഴ്ചക്കാരായി നിന്ന കുടിയാന്മാർക്കാണ് ഭൂമി ലഭിച്ചത് .. മിച്ചഭൂമി ലക്ഷം വീട് കോളനി സംവിധാനത്തിലൂടെ കുറച് ആളുകൾക്ക് ഭൂമി ലഭിച്ചു എന്നതിനപ്പുറം ഇപ്പോഴും ലക്ഷക്കണക്കിന് ഭൂരഹിതർ ഒരു തുണ്ട് ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് .. യഥാർത്ഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചിട്ടും സ്വന്തമായി മേൽവിലാസം ഇല്ലാത്തവരാണ് ഭൂരഹിതർ.
എന്നാൽ ഭൂമി ഇല്ലാത്തതുകൊണ്ടാണ് ഇത്രയും ഭൂരഹിതർ കൊച്ചു കേരളത്തിൽ പോലും ജീവിക്കുന്നത് എന്ന് വിടുവായിത്തം ഗവർമെന്റുകൾ പറയുന്നുണ്ടെങ്കിലും വസ്തുതകൾക്ക് നിരക്കാത്തതാണ്, കാരണം വൻകിട കമ്പനികൾക്ക് യഥേഷ്ടം ഭൂമി ഇപ്പോഴും നൽകുന്നു എന്ന് മാത്രമല്ല പാട്ടക്കാലാവധി കഴിഞ്ഞ പതിനായിരക്കണക്കിന് ഏക്കർ ഭൂമി ഇപ്പോഴും സ്വകാര്യ കമ്പനികളുടെയും കോർപറേറ്റുകളുടെയും കൈകളിലാണ്. ഹാരിസൺ മലയാളം പ്ലാന്റേഷനുമാത്രം അനധികൃതമായി കേരളത്തിൽ 78000 ഹെക്റ്റർ ഭൂമി ഉണ്ടെന്നു പറയുമ്പോൾ അത്തരം കയ്യേറ്റ ഭൂമികൾ തിരിച്ചുപിടിക്കാൻ ഗവർമെന്റുകൾക്കും മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾക്കും കഴിയുന്നില്ല എന്നത് കോർപ്പറേറ്റുകളുടെ സ്വാധീനത്തെയാണ് വെളിപ്പെടുത്തുന്നത് .. ഈ ഇടതു സർക്കാർ പോലും ഇപ്പോൾ ഹാരിസൺ കമ്പനിയെ പിണക്കാൻ തയ്യാറല്ല എന്നതാണ് ഈ അടുത്ത് കോടതിയിൽ സ്വീകരിച്ച നടപടി.
ഇവിടെയാണ് ജനകിയ സമരങ്ങൾ രൂപപ്പെട്ടു വന്നത് ചെങ്ങറയിലും മുത്തങ്ങയിലും അട്ടപ്പാടിയിലും മൂന്നാറിലും മാത്രമല്ല കേരളത്തിൽ എല്ലാ ജില്ലകളിലും ജനകിയമായ ചെറുത്തു നിൽപ്പുകളും സമരണങ്ങളും നവ ജനാധിപത്യ കൂട്ടായ്മകളിലൂടെ ഉയർന്നുവരുന്നത് പുതിയ കാല സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾ തന്നെയാണ് മണ്ണിന്റെയും മനുഷ്യന്റെയും നിലനിൽപ്പിനു വേണ്ടിയുള്ള അതിജീവന പോരാട്ടങ്ങൾ തുടരുകയാണ് ..വികസനം മാനവികതയുടെ നന്മക്കും മനുഷ്യ പുരോഗതിക്കും ആയി ഭവിക്കട്ടെ ..

പ്രളയം വിതച്ച നമ്മുടെ കേരളത്തിന്റെ പുനര്നിർമ്മാണ പ്രക്രിയക്ക് സർക്കാരിനൊപ്പം നിന്ന് കൊണ്ട്  ദുരന്തത്തെ അതിജീവിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട് ,
സ്വാതന്ത്ര്യത്തിന്റെ   എഴുപത്തി മൂന്നാം  വാർഷികം അനുസ്മരിക്കുന്ന ഈ ശുഭവേളയിൽ എല്ലാ ഭാരതീയർക്കും സ്നേഹോഷ്മളമായ സ്വാതന്ത്ര്യ ദിനാശംസകൾ ...

കെ.വി.അമീർ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വ്രതം ആത്മീയതയും വിശപ്പിനോടുള്ള ഐഖ്യപ്പെടലുമാണ്.