മഴക്കാലവും വേനലും വസന്തവും നമ്മൾ  തന്നെയായിരുന്നു..


പക്ഷികളുടെ  കലപില ശബ്ദങ്ങൾ ..
വൃക്ഷം തന്റെ  ശിഖിരങ്ങൾ കൊണ്ട് മെല്ലെ ഇളം കാറ്റിനെ മുത്തമിട്ടു ..
കാറ്റേറ്റ് ഞെട്ടറ്റു വീഴാൻ കൊതിക്കുന്ന പഴുത്തിലകൾക്ക്  ..
താഴെ കുസൃതികൂട്ടങ്ങൾ  കാത്തിരിക്കുന്നുണ്ട് ..
ഇലയിൽ  മണ്ണപ്പം ചുട്ടു  കളിക്കാൻ ..
പിന്നെ, ഗമയിൽ അങ്ങിനെ രാജാവും രാഞ്ജിയും പോലീസും കള്ളനും   കളിക്കാൻ..
സുവർണ്ണ നിറമുള്ള പഴുത്ത പ്ലാവില തൊപ്പികൾ  ..!!
കളികൾ പുരോഗമിക്കുകയായി..
കുട്ടികൾ കിളികളായി മാറി ..
"കിയോം കിയോം കിയോം കിയോം കുഞ്ഞി കുരുവി ഞാൻ..
 മഴക്കാലത്തു  കിടന്നുറങ്ങാൻ ഇടം തരുമോ നീ"... എത്ര കളിച്ചു നമ്മൾ ..!!
മഴക്കാലവും വേനലും വസന്തവും നമ്മൾ  തന്നെയായിരുന്നു..
കാലം ബാല്യത്തിൽ നിന്നും ജീവിതത്തിലേക്ക്  പുരോഗമിക്കുമ്പോൾ
ഞാനും നിങ്ങളും ഒരിക്കൽ അയല്പക്കങ്ങളിലെ, നാട്ടിലെ  കളിക്കൂട്ടുകാർ ആയിരുന്നു ..
ഇന്നിപ്പോൾ തലകുനിച്ചിരിപ്പാണ് നെറ്റിന്റെ മാസ്മരിക ലോകത്ത് ..
നെറ്റിന്റെ ആത്മാവ് ഇടക്കിടെ മരിക്കും അങ്ങിനെ ചിലർ തല ഉയർത്തി നോക്കുന്നുണ്ട്  ..
ഞാനും ..
പക്ഷെ ..ഇപ്പോഴും സൗഹൃദം പൂക്കുന്നുണ്ട്..
കാണാമറയത്തു നിന്നും വെർച്വൽ സൗഹൃദങ്ങളുടെ ലോകം മുഖങ്ങളിലേക്ക് വികസിക്കുമ്പോൾ ഫ്രണ്ട് റിക്വസ്റ്റുകൾ കൈമാറ്റം ചെയ്യപ്പെടുന്നു ..
ലൈക്കുകൾ  ഷെയറുകൾ വിരൽത്തുമ്പുകൾ കാത്തിരിക്കുന്നു ..

ഇങ്ങിനെ ഒരു കാലം വരുമെന്ന് ആരും പ്രവചിച്ചതായി അറിയില്ല ..
എല്ലാം  അപ്‌ഡേറ്റ് ചെയ്യപ്പെട്ടു മാറ്റങ്ങൾക്കു വിധേയമായി .
 ശാസ്ത്രം - മതം - രാഷ്ട്രീയം -യുക്തി - കല -സാഹിത്യം..
ഒപ്പം വർഗ്ഗിയത വിദ്വെഷം അക്രമം അനീതി അധർമ്മം  ..എല്ലാം പുരോഗമിക്കുകയാണ് ..
മാനവികതയുടെ സ്നേഹ വിത്ത് മാത്രം വളരുന്നില്ല ..
വൃക്ഷ ലതാതികൾ ഇല്ലാത്തിടത്തു ബാല്യങ്ങൾ അസ്തമിക്കും,
മനുഷ്യത്വം മരവിക്കും ...
ജലത്തുള്ളികൾ മണ്ണിലേക്ക് പെയ്തിറങ്ങിയ പോലെ  മാതാവിന്റെ ഗർഭത്തിൽ നിന്നും ഭൂമിക്കടിയിലേക്കുള്ള ദൂരമാണ് എന്റെ ജീവിതം ..
ഒരു വൃക്ഷം എന്റെ കല്ലറയിൽ  നിന്നും മുളപൊട്ടുന്നുണ്ട് ..
ഇളം കാറ്റിൽ  എന്റെ ഓർമ്മകൾ പക്ഷികളുടെ കലപില ശബ്ദങ്ങൾക്കായ് ഒരു ബാല്യത്തെ കാതോർക്കുകയാണ് ..
........................................................................
  കെ.വി.അമീർ 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വ്രതം ആത്മീയതയും വിശപ്പിനോടുള്ള ഐഖ്യപ്പെടലുമാണ്.