വ്രതം ആത്മീയതയും വിശപ്പിനോടുള്ള ഐഖ്യപ്പെടലുമാണ്.
റമദാന്റെ ആത്മീയതയും റമദാന്റെ പട്ടിണിയും വിശ്വാസികളില്നിന്ന് കൂടുതൽ അന്യമായിക്കൊണ്ടിരിക്കുന്നു.. മുൻപൊക്കെ സൽക്കാരങ്ങൾക് പട്ടിണിയുടെ രുചിയുണ്ടായിരുന്നു.. വിശപ്പിനോടും പട്ടിണിയോടും ആത്മീയമായ ഐഖ്യപ്പെടലാണ് വ്രതം..
എല്ലാ പ്രവാചകന്മാരും അവതാര പുരുഷന്മാരും ലളിതമായ ജീവിതത്തിനുടമകളായിരുന്നു..
ബൗദ്ധികതയുടെ മേലാപ്പിൽ നിന്നുകൊണ്ടാണ് ആത്മീയതയുടെ വികാസപരിണാമങ്ങൾ ലോകത്തുണ്ടായത്.
ഇന്നിപ്പോൾ ദർശനങ്ങളും ആശയങ്ങളും മനുഷ്യന്റെ ദാർഷ്ട്യങ്ങൾക്ക് മുന്നിൽ പകച്ചു നിൽക്കുകയാണ്..
വിശക്കുന്നവൻ ആരുടെ ദാർഷ്ട്യത്തെയാണ് അനുസരിക്കേണ്ടത്? മനുഷ്യന്റെയോ?അതോ ദൈവത്തിന്റെയോ?
ആത്മീയതയും അധികാരവുമെല്ലാം മനുഷ്യനിൽ പര്യാപ്തമായിരിക്കെ എന്ത്കൊണ്ട് ഭൂമിയിൽ സ്വർഗ്ഗമുണ്ടാവുന്നില്ല? ഭൂമിയിലെ സ്വർഗ്ഗം എന്നത് ക്ഷേമ ജീവിതമാണ്, ഭക്ഷണമാണ് പരമപ്രധാനം..
ഓരോ ജനതകളും നാഗരികതകളും ഈ ലോകത്ത് കടന്ന് പോയിട്ടുണ്ട് വലിയ തോൽവികളും വൻ വിജയങ്ങളും ലോകത്തിനു സംഭാവന നൽകികൊണ്ട്.. ജല്പനങ്ങളിൽ അഭിരമിക്കുന്ന സമൂഹത്തിന് പ്രവർത്തി പദങ്ങളിൽ വിപ്ലവം സൃഷ്ടിക്കാൻ കഴിയില്ലെന്ന് അനുഭങ്ങളുടെ ഈ നൂറ്റാണ്ടും വിളിച്ചുപറയുന്നുണ്ട്. 200 കോടി മനുഷ്യർക്ക് കുടിവെള്ളം അന്യമായി തീരുന്നു അത്ര തന്നെ ആളുകൾക്ക് അധിവാസിക്കാൻ ഭൂമി അന്യമായിക്കൊണ്ടിരിക്കുന്നു പ്രകൃതി വിഭവങ്ങൾ നശിച്ചുകൊണ്ടിരിക്കുന്നു ആയിരക്കണക്കിന് കുഞ്ഞുമക്കൾ വിശപ്പിനെ മറികടക്കാൻ മരണത്തെ പുല്കികൊണ്ടിരിക്കുന്നു..
എന്നിട്ടും നാം 'വികസനത്തെ' കുറിച്ച് സംസാരിക്കുന്നു.. ശാസ്ത്രപുരോഗതിയിലും മതങ്ങളുടെ ചരിത്ര വിപ്ലവങ്ങളിലും രാഷ്ട്രീയാധികാരങ്ങളുടെ ആനുകൂല്യങ്ങളിലും അഭിരമിക്കുന്നവർക്ക് മനുഷ്യത്വം നഷ്ടപ്പെട്ടിരിക്കുന്നു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ